2012, മേയ് 27, ഞായറാഴ്‌ച

അധ്യായം : പതിനാല്



മെയ്-28 -തിങ്കളാഴ്ച്ച


ഇന്നും ആ മരത്തിന്റെ അടുത്തു പോയി.
എന്നും പോകുന്നതാണ്.
രാവിലത്തെ വ്യായാമ നടത്തത്തിന്റെ പാതി തീരുന്നതവിടെയാണ്.
ഇന്നലെ കൂടുതൽ ശക്തമായ കാറ്റായിരുന്നു.
തായ്‌വേരിന്റെ കൂടുതൽ ഭാഗം പുറത്തേക്കനാവൃതമായിരിക്കുന്നു.

എങ്കിലും ഇലകളുടെ പച്ചപ്പിനു കൂടുതൽ തിളക്കം തോന്നുന്നു.
ഈ അത്യുഷ്ണത്തിലും മനസ്സിനു അപ്രതീക്ഷിതമായ ഒരു കുളിർമ്മ തരുന്നു ഈ മരം. ഒപ്പം പ്രതിസന്ധികളിൽ തളരാതെ  പിടിച്ചു നിൽക്കാനുള്ള ഒരു മോട്ടിവേഷനും.!!
 പക്ഷികളൂടെ ചിലക്കൽ എന്നെക്കണ്ടപ്പോൾ അധികമായി..
അവയുടെ അധികാരപരിധിയിൽ അന്യനൊരുത്തൻ കടന്നു വന്നതിന്റെ ദേഷ്യമാവാം.
 മരമതു കേട്ടു ഉള്ളിൽ ചിരിക്കുന്നുണ്ടാവും.
ആരുടെ അധികാരപരിധി..!
ആർക്ക് എന്തധികാരം?
അതു ഉള്ളിൽ ചോദിക്കുന്നുണ്ടാവും.

എങ്കിലും അവയെ ശല്യപ്പെടുത്താതെ മാറി നടന്നു.
ജി..എം എൽ.പി സ്കൂളിനടുത്തു കൂടി കുഞ്ഞീന്‍ മാസ്റ്റടെ  ഇടവഴി താണ്ടി നടന്ന ഒരോർമ്മ.
കുറുമ്പ ശകാരവാക്കുകൾ ഉരുവിട്ടു, ഉപ്പുമാവു ചെമ്പിലെ അടീപിടിച്ചതു ചുരണ്ടി കളയുന്നിടത്തു കാക്കകൾ കാത്തിരുന്നു കലപില കൂട്ടുന്നതാണൂ പെട്ടെന്നോർമ്മ വരിക.
അവിടെവിടെയോ ഒരു വള്ളി നിക്കറുമിട്ടു ഞാൻ നിൽപ്പുണ്ടോ എന്നു പലതവണ തിരിഞ്ഞു നോക്കി.
പെട്ടെന്നാണു മൊബലിലെ പാട്ടു നിന്നു  തുഷാരയിലെ  റിംഗ് ടോണായത്.
മോളാണ്.